*426 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*54📌 ഹബീബു ബ്നു സൈദ് (റ)*
*💧Part : 01💧*
സുപ്രസിദ്ധമായ രണ്ടാം അഖബാ ഉടമ്പടിയിൽ മദീനാ നിവാസികളായ എഴുപതു പുരുഷൻമാരും രണ്ടു സ്ത്രീകളുമാണുണ്ടായിരുന്നത്.
ഹബീബ് (റ) വും പിതാവായ സൈദുബ്നുആസിം (റ)വും അവരിൽ ഉൾപ്പെടുന്നു. രണ്ട് സ്ത്രീകളിൽ ഒന്ന് ഹബീബിന്റെ മാതാവായ നുസൈബയും മറ്റൊന്ന് അദ്ദേഹത്തിന്റെ പിതൃസഹോദരിയുമായിരുന്നു. ഇതിൽനിന്ന് തന്നെ പ്രസ്തുത കുടുംബവും ഇസ്‌ലാമും തമ്മിലുള്ള ബന്ധം ഊഹിക്കാമല്ലോ.
ഹിജ്റയുടെ ശേഷം ഹബീബ് (റ) നബി (ﷺ)യുടെ സന്തത സഹചാരിയായിത്തീർന്നു. ഇസ്‌ലാം നേരിട്ട എല്ലാ പ്രതിസന്ധിയിലും അദ്ദേഹം നബിﷺയുടെ കൂടെ നിലയുറപ്പിച്ചു.
ഇസ്‌ലാം അറേബ്യയിൽ വ്യാപിക്കാൻ തുടങ്ങിയ ഘട്ടത്തിൽ ഉപദ്വീപിന്റെ തെക്കേയറ്റത്ത് രണ്ട് കള്ള പ്രവാചകൻമാർ പ്രത്യക്ഷപ്പെടുകയുണ്ടായി. ഒന്ന്, സൻആയിലെ അസ്വദുൽഅനസിയും മറ്റൊരാൾ യമാമയിലെ മുസൈലിമത്തുൽ കദ്ദാബുമായിരുന്നു.
അവർ രണ്ട് പേരും പ്രവാചകത്വം അവകാശപ്പെടുകയും മുസ്‌ലിംകളെയും നബിﷺയെയും കഴിയുന്നത്ര ദ്രോഹിക്കുകയും ചെയ്തു.
ഒരിക്കൽ മുസൈലിമയുടെ ഒരു കുറിപ്പ് നബി ﷺ കൈപ്പറ്റി. കത്തിൽ ഇങ്ങനെ പറയുന്നു; “അല്ലാഹു ﷻ വിന്റെ പ്രവാചകനായ മുസൈലിമ മറ്റൊരു പ്രവാചകനായ മുഹമ്മദിന്ന് എഴുതുന്നത്. എന്തെന്നാൽ, ഞാൻ അങ്ങയുടെ പ്രവാചകത്വമടക്കമുള്ള എല്ലാ കാര്യങ്ങളിലും പങ്കാളിയാകുന്നു. ഭൂമിയുടെ അവകാശം പകുതി ഞങ്ങൾക്കും പകുതി ഖുറൈശികളായ നിങ്ങൾക്കുമാകുന്നു. നിങ്ങൾ അത് വകവെച്ചുതരാതിരിക്കുന്നത് അക്രമമാകുന്നു.''
നബി ﷺ ഇങ്ങനെ മറുപടി അയച്ചു: “അല്ലാഹു ﷻ വിന്റെ നാമത്തിൽ, അല്ലാഹു ﷻ വിന്റെ പ്രവാചകനായ മുഹമ്മദ്, കള്ളവാദിയായ മുസൈലിമക്ക് എഴുതുന്നത്. സന്മാർഗ്ഗചാരികൾക്ക് അല്ലാഹു ﷻ വിന്റെ രക്ഷയുണ്ടാവട്ടെ.
ഭൂമിയുടെ ഉടമാവകാശം അല്ലാഹു ﷻ വിന്ന് മാത്രമാകുന്നു. അവൻ ഉദ്ദേശിച്ചവർക്ക് അത് നൽകും. അന്ത്യവിജയമാവട്ടെ, ദൈവഭക്തിയുള്ളവർക്ക് മാത്രമാകുന്നു.''
മറുപടി മുസൈലിമയെ ചൊടിപ്പിച്ചു. അവന്റെ ദ്രോഹനടപടികൾ തുടർന്നുകൊണ്ടിരിക്കുകയും ചെയ്തു.
കള്ളപ്രചാരണങ്ങളും അക്രമങ്ങളും നിർബാധം തുടർന്നുകൊണ്ടിരിക്കുന്ന മുസൈലിമയോട് തന്റെ പ്രവർത്തനത്തിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടുകൊണ്ട് നബി ﷺ വീണ്ടുമൊരു കത്തെഴുതി. പ്രസ്തുത കത്ത് മുസൈലിമക്ക് എത്തിച്ചുകൊടുക്കാൻ നബി ﷺ നിയോഗിച്ചത് ഹബീബ് (റ) വിനെയായിരുന്നു.
അദ്ദേഹം തന്റെ ദൗത്യവുമായി യാത്രയാരംഭിച്ചു. മുസൈലിമയുടെ അടുത്തെത്തി. മുസൈലിമ കത്ത് വായിച്ചു. മുസൈലിമയുടെ മുഖം വിവർണ്ണമായി. എല്ലാ മര്യാദകളും അതിലംഘിച്ചുകൊണ്ട് ആ ദൗത്യവാഹകനെ അവൻ ജനങ്ങളുടെ മുമ്പിൽ ഹാജരാക്കി. നീചവും നികൃഷ്ടവുമായി അദ്ദേഹത്തോട് പെരുമാറി. പീഡനങ്ങൾ അനുഭവിപ്പിച്ചു.
മുസൈലിമ അദ്ദേഹത്തോട് ചോദിച്ചു: “മുഹമ്മദ് ദൈവത്തിന്റെ ദൂതനാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ..?''
ഹബീബ് (റ) പറഞ്ഞു: “അതെ, മുഹമ്മദ് (ﷺ) അല്ലാഹു ﷻ വിന്റെ പ്രവാചകനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.''
കദ്ദാബ്: ഞാൻ അല്ലാഹു ﷻ വിന്റെ പ്രവാചകനാകുന്നു. നീ എന്ത് പറയുന്നു..?
പരിഹാസം തുളുമ്പുന്ന സ്വരത്തിൽ ഹബീബ് (റ) പറഞ്ഞു: “ഞാൻ അങ്ങനെ ഒരു പ്രവാചകനെ കുറിച്ച് ഇതുവരെ കേട്ടിട്ടില്ല.”
മുസൈലിമയുടെ ആജ്ഞയനുസരിച്ച് അവന്റെ കിങ്കരൻമാർ അദ്ദേഹത്തെ നീചമായി മർദ്ദിച്ചു. കൈകാലുകൾ ബന്ധിച്ചു. ആ സദസ്സിൽ വെച്ച് ഒരു ആരാച്ചാർ അദ്ദേഹത്തിന്റെ അംഗങ്ങൾ ഓരോന്നായി ചേദിച്ചുകൊണ്ടിരുന്നു!
ഓരോ അംഗങ്ങൾ ഛേദിക്കുമ്പോഴും ഇസ്‌ലാമിന്റെ പവിത്രമായ വചനം ഹബീബ് (റ) ആവർത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ ചുമൽ വരെ കൈകളും അരക്കെട്ടു വരെ കാലുകളും മുറിച്ചശേഷം അദ്ദേഹത്തെ, അവൻ തീയിലിട്ടു.
ചരിത്രത്തിൽ തുല്യതയില്ലാത്ത ക്രൂരതക്ക് വിധേയമായി ആ ധീരാത്മാവ് രക്തസാക്ഷിയായി.
തന്റെ ദൂതന്റെ ദുര്യോഗമറിഞ്ഞ നബി ﷺ എല്ലാം സർവ്വശക്തനായ അല്ലാഹു ﷻ വിൽ അർപ്പിച്ചുകൊണ്ട് ക്ഷമയവലംബിച്ചു. (അക്രമിയായ ആ നീചന്റെ അന്ത്യവും പരിണാമവും അല്ലാഹു ﷻ അറിയിച്ചുകൊടുത്തതുപോലെ)
ഹബീബ് (റ)വിന്റെ ധീരയായ മാതാവിന്റെ അന്തർഗതം മുസൈലിമയുടെ രക്തത്തിനായി ദാഹിച്ചു. തന്റെ പുത്രനോട് ചെയ്ത കൊടുംക്രൂരതക്ക് പ്രതികാരം ചെയ്യുമെന്ന് അവർ ആണയിട്ടു.
കാലം അതിന്റെ പ്രയാണം തുടർന്നു. നബി ﷺ വഫാത്തായി. അബൂബക്കർ (റ) ഒരു ബൃഹത്തമായ സൈന്യത്തെ യമാമയിലേക്ക് നിയോഗിച്ചു. ധീരയായ നുസൈബ (റ) യും പ്രസ്തുത സൈന്യത്തോടൊപ്പം പുറപ്പെട്ടു. ഘോരമായ യുദ്ധക്കളത്തിൽ നുസൈബ (റ) വലതുകയ്യിൽ വാളും ഇടതു കയ്യിൽ കുന്തവുമായി രണാങ്കണത്തിൽ ചുറ്റിത്തിരിഞ്ഞു.
“അല്ലാഹുﷻവിന്റെ ശത്രു എവിടെ..?” അവർ അന്വേഷിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ഒരു എതിരാളിയുടെ വെട്ടേറ്റ് അവരുടെ വലതുകൈ മുറിഞ്ഞുപോയി.
ശത്രുക്കൾ പരാജിതരായി, മുസൈലിമ വധിക്കപ്പെട്ടു. ധീരയായ ആ മാതാവ് മുറിഞ്ഞുതൂങ്ങിയ കയ്യുമായി മുസൈലിമയുടെ ശവശരീരത്തിന്റെ അടുത്തെത്തി. പുത്രന്റെ ഘാതകനെ വധിച്ചതിൽ തന്റെ മറ്റൊരു പുത്രനായ അബ്ദുല്ലയുമുണ്ടെന്നറിഞ്ഞ് അവർ സന്തുഷ്ടയായി. നന്ദി സൂചകമായി അവർ സാഷ്ടാംഗം നമിച്ചു!
മുസൈലിമയെ വധിച്ചത് ഹംസ(റ)വിന്റെ ഘാതകനായ വഹ്ശി (റ)വും അബ്ദുല്ല (റ)വും കൂടിയാണ്.
ഇസ്ലാമിലെ മാതൃകാ മഹിളാരത്നമായ നുസൈബ് (റ) ബനുനജ്ജാർ ഗോത്രത്തിൽപെട്ട കഅബ്നു അംറിന്റെ പുത്രിയായിരുന്നു. ഉമ്മു ഉമാറ എന്ന ഓമനപ്പേരിലായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. ഉഹ്ദ് രണാങ്കണത്തിൽ മുസ്ലിം സേനാനികൾക്ക് കുടിനീരു നൽകുകയും പരിക്കേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു അവർ
ഒരിക്കൽ നബിﷺയോട് അവർ ചോദിച്ചു: “നബിയേ, പരിശുദ്ധ ഖുർആനിലെ ഉദ്ബോധനങ്ങൾ മുഴുവനും പുരുഷൻമാരെ അഭിസംബോധന ചെയ്തുകൊണ്ടാണല്ലോ. സ്ത്രീകളെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്..?''
അതിനെ തുടർന്നാണത്രെ സ്ത്രീകളെയും പുരുഷൻമാരയും ഒന്നിച്ചുദ്ബോധിപ്പിച്ചു കൊണ്ടുള്ള “ഇന്നവൽ മുസ്ലിമീനവൽ മുസ്ലിമാത്ത് " എന്ന ആയത്ത് നബിﷺക്ക് അവതരിച്ചത്.
ഹബീബു ബ്നു സൈദ് (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
ഹബീബു ബ്നു സൈദ് (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
*【 ഹബീബു ബ്നു സൈദ് (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】*
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*islamic *
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment