*455 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)*
*💧Part : 23💧*
*📍പ്രതിസന്ധികളുടെ കാലം...(1)*
ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.
ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.
ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.
ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റു. ചിലർക്ക് മാരകമായി പരിക്കേറ്റു. വിഷം പുരട്ടിയ ആയുധമാണ്. ആറാളുകൾ രക്തസാക്ഷികളായി. ഘാതകൻ സ്വയം കുത്തി ആത്മഹത്യ ചെയ്തു.
ബോധം തെളിഞ്ഞപ്പോൾ ഉമർ(റ) ചോദിച്ചു: നിസ്കാരം പൂർത്തിയാക്കിയോ..?
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു: നിസ്കാരം പൂർത്തിയാക്കിയിട്ടുണ്ട്.
ഖലീഫ പറഞ്ഞു: നിസ്കരിക്കാത്തവന് ഇസ്ലാമിൽ സ്ഥാനമില്ല. ഉമർ(റ) വുളൂഅ് എടുത്തു. നിസ്കരിച്ചു.
അബ്ദുല്ലാഹിബ്നു ഉമർ(റ) ഉപ്പയെ പരിചരിക്കുന്നതിൽ വ്യാപൃതനായി. അബ്ദുല്ലാഹിബ്നു ഉമർ(റ)വിന്റെ മടിയിൽ തല വെച്ചു കിടക്കുകയാണ് ഉമർ(റ). വൈദ്യന്മാരെത്തി. മുറിവുകൾ കെട്ടി. മുറിവുകൾ മാരകമാണ്. രക്ഷപ്പെടുകയില്ല.
ഖലീഫ ചിന്തയിലാണ്ടു. തന്റെ പിൻഗാമി ആര്..? നബിﷺതങ്ങൾ പിൻഗാമിയെ നിയോഗിക്കാതെ വഫാത്തായി. ആ മാതൃക സ്വീകരിക്കണോ..? ഒന്നാം ഖലീഫ അബൂബക്കർ സ്വിദ്ദീഖ്(റ) പിൻഗാമിയെ നിയോഗിച്ചാണ് വഫാത്തായത്. താൻ എന്ത് ചെയ്യണം..?!
ബുദ്ധി നന്നായി പ്രവർത്തിച്ചു. ഒരു തീരുമാനത്തിലെത്തി. ആറ് പ്രമുഖന്മാരെ നിയോഗിക്കാം. അവരിൽ നിന്നൊരാളെ അവർ തന്നെ ഖലീഫയായി നിയോഗിക്കട്ടെ.
1. ഉസ്മാൻ(റ).
2. അലി(റ).
3. അബ്ദുർറഹ്മാനുബ്നു ഔഫ്(റ).
4. സഅദുബ്നു അബീവഖാസ്(റ).
5. സുബൈറുബ്നുൽ അവ്വാം(റ).
6. ത്വൽഹത്തുബ്നു സുബൈർ(റ).
ത്വൽഹ(റ) യുദ്ധമുഖത്താണ്. ബാക്കിയുള്ളവർ സ്ഥലത്തുണ്ട്. അവരോട് ഉമർ(റ) പറഞ്ഞു. നിങ്ങളാണ് നേതാക്കൾ. ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠന്മാർ. നിങ്ങൾ കൂടിയാലോചന നടത്തുക. മൂന്നു ദിവസം ചർച്ച നടത്താം. നിങ്ങളിൽ നിന്നൊരാൾ ഖലീഫയാകണം. നാലാം ദിവസം ഖലീഫയെ പ്രഖ്യാപിക്കണം.
സ്വന്തം പുത്രൻ അബ്ദുല്ലാഹിബ്നു ഉമർ(റ) അവിടെയുണ്ട്. എല്ലാ യോഗ്യതകളുമുണ്ട്. എന്നിട്ടും കൂടിയാലോചനാസമിതിയിൽ ചേർത്തില്ല. മകന്റെ പാണ്ഡിത്യവും കഴിവുകളും പറ്റെ അവഗണിക്കാനും പറ്റില്ല. മകനെ അധികാരമില്ലാത്ത ഉപദേശകനായിവെച്ചു.
മകനോട് ഉമർ(റ) പറഞ്ഞു: മോനേ... ഉപ്പ മരിച്ചുപോകും. ഉപ്പയെ ഖബറടക്കണം.
എവിടെ..?
എന്റെ മനസ്സിലൊരാഗ്രഹമുണ്ട്. റൗളാശരീഫിൽ ഖബറടക്കപ്പെടണമെന്നാണ് ഉപ്പയുടെ ആഗ്രഹം. ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) സമ്മതിച്ചാൽ മാത്രം. മോൻ അവരുടെ അടുത്ത് പോയി ഉപ്പയുടെ ആഗ്രഹം അറിയിക്കൂ... സമ്മതം ചോദിക്കൂ...
അബ്ദുല്ലാഹിബ്നു ഉമർ(റ) നടന്നു. ആഇശ ബീവി(റ)യുടെ വീട്ടിലെത്തി. വിവരം പറഞ്ഞു.
ഖലീഫക്ക് കുത്തേറ്റ വിവരമറിഞ്ഞ് ആഇശ(റ) ദുഃഖാകുലയായി ഇരിക്കുകയായിരുന്നു. അവർ പറഞ്ഞു: "ഞാൻ എനിക്കു വേണ്ടി കരുതിയ സ്ഥലമാണത്. സാരമില്ല. അമീറുൽ മുഅ്മിനീന്റെ ആഗ്രഹത്തിന് ഞാൻ വിലകൽപിക്കുന്നു. പൂർണ സമ്മതത്തോടെ ഞാൻ ആ സ്ഥലം വിട്ടുതരുന്നു."
അബ്ദുല്ലാഹിബ്നു ഉമർ(റ) മടങ്ങിയെത്തി. ഉപ്പയോട് വിവരം പറഞ്ഞു. ഉപ്പാക്ക് സമാധാനമായി. ഉസ്മാനുബ്നു അഫ്ഫാൻ(റ)വിന്റെ പ്രസ്താവന വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു:
ഉമർ(റ)വിനെ അവസാനം കണ്ട വ്യക്തി ഞാനാണ്. അബ്ദുല്ലാഹിബ്നു ഉമർ(റ)വിന്റെ മടിയിലായിരുന്നു ഖലീഫയുടെ ശിരസ്സ്
ഖലീഫ പറഞ്ഞു: എന്റെ ശിരസ് നിലത്തുവെക്കൂ... എന്റെ കവിൾ മണ്ണിൽ വെക്കൂ...
ഉപ്പാ... അങ്ങയുടെ ശിരസ് എന്റെ മടിയിൽ വെക്കുന്നതും നിലത്ത് വെക്കുന്നതും ഒരുപോലെയല്ലേ..?
എന്റെ കവിൾ മണ്ണിൽ ചേർത്തു വെക്കൂ.. പറഞ്ഞത് അനുസരിക്കൂ...
മകൻ ഉപ്പ പറഞ്ഞതുപോലെ ചെയ്തു. ഖലീഫ പറഞ്ഞു: അല്ലാഹു ﷻ പൊറുത്തുതന്നില്ലെങ്കിൽ ഞാനും എന്റെ ഉമ്മയും നശിച്ചതുതന്നെ. അന്ത്യനിമിഷങ്ങളെത്തി. ആത്മാവ് വേർപിരിഞ്ഞു.
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
g▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment