*02💥 ഭീകരതയും 💥*
*ഇസ്ലാമോഫോബിയയും*
*❂••••••••••••••••••••••••••••••••••••❂*
*💧Part : 02💧【അവസാനം】*
മാനുഷിക പരിഗണനകളും മനുഷ്യത്വവും അവഗണിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും, വ്യക്തി സ്വാതന്ത്ര്യങ്ങൾക്ക് മുകളിലുള്ള എല്ലാ കടന്നുകയറ്റങ്ങളും തീവ്രവാദവും ഭീകരതയും തന്നെയാണ്. അത് അഫ്ഗാനിൽ നിന്നും താലിബാനിൽ നിന്നും മാത്രമാകുമ്പോൾ പറയുന്ന വാക്കായി ഭീകരത മാറുന്നു. ഇന്ത്യയിൽ നിന്നാകുമ്പോൾ “ആൾക്കൂട്ട ആക്രമണം” എന്നായി മാറും.
ഒരു വ്യക്തി നായയെ വാഹനത്തിനു പിന്നിൽ കെട്ടി ക്രൂരമായി വലിച്ചിഴച്ചപ്പോൾ, നാം ഒന്നടങ്കം അതിനെ അപലപിച്ചു. ക്രൂരത മൃഗങ്ങളോട് ആണെങ്കിൽ പോലും അത് നമുക്ക് സഹിക്കാൻ കഴിയുകയില്ല എന്നതാണ് സത്യം. എന്നാൽ പേര് നോക്കി ഇതിലും വർഗീയതയുടെ നിറം കണ്ടെത്താൻ ശ്രമിച്ചവരും ഉണ്ട്. ഈ നായയുടെ സ്ഥാനത്ത് ഒരു മനുഷ്യനെയാണ് കെട്ടിവലിച്ച് കൊന്നത് എങ്കിൽ.. അത് ഏത് ഗണത്തിൽ പെടും..?
രണ്ടാഴ്ചകൾക്ക് മുമ്പ് മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ബന്ദ ഗ്രാമത്തിൽ അത്തരം ഒരു സംഭവം അരങ്ങേറുകയുണ്ടായി. 45 വയസ്സുള്ള കനയ്യലു ഭീലു എന്ന ആദിവാസി പൗരൻ ദാരുണമായി മരണപ്പെട്ടു. ഗുർജാർ എന്ന വ്യക്തിയും കുടുംബങ്ങളും ചേർന്ന് മർദ്ദിച്ച് കാലിൽ കയർ കെട്ടി വാഹനത്തിനു പിന്നിൽ വലിക്കുകയായിരുന്നു. ഈ ക്രൂര മനസ്സിന് ഒരു പേര് നിർദ്ദേശിക്കാമോ..?!
കഴിഞ്ഞ മാസത്തിൽ അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പിൻമാറ്റവും താലിബാന്റെ മുന്നേറ്റവും സംബന്ധിച്ച വാർത്തകളായിരുന്നു നിറയെ. താലിബാൻ സ്ത്രീകൾക്ക് പർദ്ധ നിർബന്ധമാക്കുന്നു എന്ന വാർത്തയിൽ നിറയെ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അവിടെ അടിച്ചമർത്തുന്നു എന്ന രീതി ആയിരുന്നു. അതിനുശേഷം പാകിസ്താനിൽ, അവിടുത്തെ ഗവൺമെൻറ് ഒരു തീരുമാനം ഇറക്കുകയുണ്ടായി. അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ചായിരുന്നു അത്. അധ്യാപകർക്ക് ജീൻസ്, ടീഷർട്ട്, ടൈറ്റ്സ് എന്നിവ ധരിക്കുന്നതിന് അവിടെ വിലക്കേർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ഒരു വാർത്താ ശീർഷകം നമുക്കിങ്ങനെ വായിക്കാം.” താലിബാൻ ലൈനിൽ പാകിസ്ഥാൻ : അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കരുത്”. പാകിസ്ഥാൻ സർക്കാർ ഇറക്കിയ ഈ വിജ്ഞാപനത്തെ താലിബാനുമായി ചേർത്തിയാണ് തലക്കെട്ട് തന്നെ നൽകിയിരിക്കുന്നത്. അങ്ങനെയെങ്കിൽ വർഷങ്ങൾക്കു മുമ്പേ പെൺകുട്ടികൾ ജീൻസ് ധരിക്കരുതെന്ന് സുപ്രസിദ്ധ ഗായകൻ ശ്രീ യേശുദാസ് പറഞ്ഞതും താലിബാനിസം ആകുമോ..?
ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലെ സാവ്റേജി ഖാർഗ് വില്ലേജിൽ, ജീൻസ് ധരിച്ചതിന് മുത്തച്ഛനും ബന്ധുക്കളും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ നേഹ പാസ്വാൻ താലിബാനിസത്തിന്റെ ഇരയല്ലേ..?
മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ഗ്രാമമായ ബനിയ യിൽ പ്രായപൂർത്തിയാകാത്ത ആറോളം പെൺകുട്ടികളെ നഗ്നരാക്കി വീടുകൾതോറും നടത്തിച്ച് ഭിക്ഷാടനം ചെയ്യുകയുണ്ടായി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇത് സംഭവിച്ചത്. അഞ്ച് വയസ്സ് പ്രായം വരുന്ന ഈ കുട്ടികളെ ഇങ്ങനെ നടത്തിച്ചത് ആചാരത്തിന്റെ ഭാഗമായാണ്. ആ കുട്ടികളുടെ ചുമലിൽ ഒരു ഉലക്കയും അതിലൊരു തവളയെയും കെട്ടി വെച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ ചെയ്താൽ മഴ ലഭിക്കുമെന്നാണ് വിശ്വാസം. ഭിക്ഷാടനത്തിലേക്കുള്ള പ്രേരണയും കുട്ടികളുടെ നഗ്നതാ പ്രദർശനവും ഒരു ആചാരവുമായി ബന്ധപ്പെടുത്തുമ്പോൾ എത്രത്തോളം നിസാര വൽക്കരിക്കപ്പെടുകയാണെന്ന് നാം വിലയിരുത്തേണ്ടതില്ലേ.
തീവ്രവാദത്തിന്റെയും ഭീകരതയുടെയും വിഷയത്തിൽ ഇതിനെന്താണ് സ്ഥാനമെന്ന് ഒരുപക്ഷേ ചിന്തിച്ചേക്കാം. താലിബാൻ പർദ്ദ കൊണ്ട് വരുമ്പോൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ ഗ്രാഫ് താഴേക്ക് മൂക്കു കുത്തുന്നതുമായുള്ള താരതമ്യം ആണ് വിഷയം. ഇതേ പർദ്ദ ഉപയോഗിച്ച് അമേരിക്കൻ സൈനികർ പല ഓപറേഷനുകളും വിജയിപ്പിച്ചെടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങൾ പറയുന്നു. അപ്പോൾ പർദ്ദ ധരിച്ചാൽ വിദേശ സൈനികർക്കും അഫ്ഗാനിൽ സുരക്ഷ തന്നെ.
നമ്മുടെ നാട്ടിലെ സ്ത്രീകൾ എത്രത്തോളം പാശ്ചാത്യ വേഷങ്ങളുമായി പുറത്തേക്കിറങ്ങുന്നുണ്ട്..?! സ്ലീവ് ലെസ് ബ്രീസ്റ്റ് ടോപ്പും, ജീൻസ് ട്രൗസറും ധരിച്ച് പാശ്ചാത്യൻ നാടുകളിൽ സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കുന്നതിൽ ഒരു ഭയവും വേണ്ടതില്ല. എന്നാൽ അത് നമ്മുടെ നാട്ടിൽ ആണെങ്കിലോ..? കമിതാക്കളെ ഒരുമിച്ച്, പാർക്കിലോ ബീച്ചിലോ കണ്ടാൽ പൊതു വിചാരണ ചെയ്യപ്പെടുന്ന നാടാണിത്. അതിനെ “സദാചാര പോലീസ്” എന്ന ഓമനപ്പേരിട്ടു വിളിക്കും. അല്ലെങ്കിൽ സദാചാരഗുണ്ടായിസം. ഗുണ്ടായിസത്തിന് എന്ത് സദാചാരം എന്നൊന്നും ചോദിക്കരുത്. പാശ്ചാത്യൻ വസ്ത്രത്തോടുള്ള അഫ്ഗാൻ വിരോധം ഭീകരതയും, ഇന്ത്യൻ വിരോധം സദാചാരവും.
ഇക്കഴിഞ്ഞ സെപ്തംബർ 5ന് നാമെല്ലാവരും അധ്യാപകദിനമായി ആചരിക്കുകയുണ്ടായി. വിദ്യാർഥികളെല്ലാം തങ്ങളുടെ അധ്യാപകർക്ക് ആശംസ കാർഡുകൾ അയച്ചു കൊടുത്തു കൊണ്ട് അതിൽ പങ്കാളികളാവുകയുണ്ടായി. 1999ൽ ഒരു അധ്യാപകനെ ഇതേ വിദ്യാർത്ഥികളുടെ മുമ്പിലിട്ട് പള്ളിക്കൂടത്തിൽ വെച്ച് കൊലപ്പെടുത്തിയ നാടാണ് നമ്മുടേത്. കൂടാതെ ധാരാളം വെട്ടിയും കുത്തിയും കുടൽമാലകൾ പറിച്ചെടുത്തും കൈകാലുകൾ അറുത്തെടുത്തും ഒരുപാട് ജീവച്ഛവങ്ങളും മൃതദേഹങ്ങളും സമ്മാനിച്ച നാടാണ്. അഫ്ഗാനിസ്ഥാനിലെ വെടി മുഴക്കങ്ങളും ബോംബേറുകളും ഇസ്ലാമോഫോബിയ ബാധിച്ച മീഡിയകളെ വല്ലാതെ അലോസരപ്പെടുത്തുന്നുവെങ്കിൽ, മാനസയുടെ നെഞ്ചിലേക്ക് ചീറ്റിയ വെടി ശബ്ദവും, നാട്ടിൻ പുറങ്ങളിലെ വീട്ടുമുറ്റത്തും ആളൊഴിഞ്ഞ പറമ്പിലും മറ്റുമായി പൊട്ടിത്തെറിച്ച ബോംബൊച്ചകൾ തന്നെയാണ് ഇപ്പോഴും നമ്മെ ഭീതിപ്പെടുത്തുന്നത്. വലതുകാൽ ചിന്നിച്ചിതറിയ അശ്നയും, ചോരയിൽ മുങ്ങിക്കുളിച്ച ആനന്ദും, ഇടതുകൈയും വലത് കണ്ണും നഷ്ടമായ അമാവാസി എന്ന നാടോടി ബാലനും തന്നെയാണ് ഭീകരതയുടെ ഇരകൾ. കാരണം ഇവിടെയെല്ലാം പൊട്ടിത്തെറിച്ചത് ബോംബല്ല, ഭീകരതയാണ്.
നിരപരാധികളായ ജനങ്ങൾക്ക് നേരെയോ വ്യക്തിക്ക് നേരെയോ ഒളിഞ്ഞും തെളിഞ്ഞും ഏതുരീതിയിൽ അക്രമം നടത്തിയാലും അത് ഭീകരത തന്നെ.
1988 ലെ അമേരിക്കൻ കരസേനയുടെ പഠനപ്രകാരം ടെററിസം എന്ന പദത്തിന് നൂറിലേറെ വിശകലനം കണ്ടെത്തുകയുണ്ടായി. ഭീകരവാദം എന്ന ആശയം തന്നെ ഏറെ വിവാദ പരമായി തുടരുന്നു. ഭരണാധികാരികൾ സ്വന്തം ഭരണത്തിന്റെ കുത്തക നില നിർത്തുവാനായി, ഭരണകൂട ഭീകരതയെ മറച്ചുവെക്കാൻ ഈ പദം ഏറെ ദുരുപയോഗം ചെയ്യുന്നു. ഭരണകർത്താക്കൾ, രാഷ്ട്രീയ പാർട്ടികൾ, വിപ്ലവകാരികൾ തുടങ്ങിയവരെല്ലാം തങ്ങളുടെ ആശയ പ്രചരണത്തിനായി ഭീകരവാദത്തെ ഉപയോഗിച്ചതായി നമുക്ക് കാണാം.
ചത്തീസ്ഗഢിൽ ധീര ജവാന്മാർ ദേശദ്രോഹികളുടെ അക്രമത്തിൽ വീരമൃത്യു വരിക്കുമ്പോൾ മാവോയിസ്റ്റ് ആക്രമണവും, കശ്മീരിൽ ആകുമ്പോൾ ഭീകരാക്രമണവും ആണ് നടക്കുന്നത്. മാവോയിസ്റ്റുകളെ എന്നാണ് ഭീകരപ്പട്ടികയിൽ ഉൾപെടുത്തുക. മാധ്യമങ്ങളും ഭീകരവൽക്കരിക്കപ്പെട്ടുവോ..? വിലയിരുത്തുക.
ദൗർഭാഗ്യകരമാകുന്ന ചില പ്രകൃതിയുടെ പ്രതിഭാസങ്ങളിൽ നൂറുകണക്കിനും ആയിരക്കണക്കിനും ആളുകൾ കൊല്ലപ്പെടാറുണ്ട്. പ്രളയമായോ, കൊടുങ്കാറ്റായോ, ഭൂമി കുലുങ്ങലായോ ഇങ്ങനെ സംഭവിക്കുമ്പോൾ, പൊതുവായി നാം പറയാറുള്ള ഒരു പദമാണ് "പ്രകൃതിയുടെ ഭീകര താണ്ഡവ"മെന്ന്. അഥവാ പ്രകൃതിക്കും നാം ഭീകരത ചാർത്തുന്നുണ്ട്, എന്നിരിക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മളെല്ലാവരും ഭീകരതയുടെ ഇരകൾ ആണെന്ന് മനസ്സിലാക്കാം. അതിന് രാജ്യാതിർത്തികളുടെ ദൂരമോ, വിശ്വാസത്തിന്റെ വിലാസമോ ഇല്ലതന്നെ.
*_✍🏼അബു വാഫി, പാലത്തുങ്കര_*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join islamic
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment