*427 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*55📌 ഉമൈറു ബ്നു സഅദ് (റ)*
*💧Part : 01💧*
അനുപമൻ എന്നർത്ഥം വരുന്ന നസീജുൽ വഹ്ദു എന്ന പേരിൽ സഹാബികളുടെ ഇടയിൽ അറിയപ്പെട്ടിരുന്ന ഉമൈർ (റ) പ്രസിദ്ധ ഖാരിഅ് ആയ സഅദ് (റ)വിന്റെ പുത്രനാകുന്നു.
ഖാദിസിയ്യ യുദ്ധത്തിൽ രക്തസാക്ഷിയായ സഅദ് (റ) ബദർ അടക്കമുള്ള എല്ലാ യുദ്ധങ്ങളിലും നബിﷺയോടൊപ്പം പങ്കെടുത്ത പ്രസിദ്ധ സ്വഹാബിയായിരുന്നു.
ഇസ്‌ലാമിന്റെ ആദ്യഘട്ടത്തിൽ തന്നെ പുത്രനെയുമായി സഅദ് (റ), നബിﷺയുടെ അടുത്ത് ചെന്ന് ഇസ്ലാം സ്വീകരിച്ചു. ചെറുപ്പത്തിലെ ഉമൈർ (റ) ശക്തി, ഐഹികവിരക്തി, സുക്ഷ്‌മത എന്നിവയിൽ നിസ്തുലനായിരുന്നു. പള്ളിയിലും രണാങ്കണങ്ങളിലും മുൻപന്തിയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം, ഐഹികകാര്യങ്ങളിൽ പിന്നിലായിരുന്നാലും!
ജീവിതലാളിത്യത്തിലും അനാഡംബരത്തിലും അദ്ദേഹം സഈദുബ്നു ആമിർ (റ)ന്റെ പകർപ്പു കോപ്പിയായിരുന്നു. എപ്പോഴും തന്റെ പാപങ്ങളെ ഓർത്ത് കണ്ണുനീർ വാർത്ത് പശ്ചാത്താപനിരതനായി അദ്ദേഹം ജീവിച്ചു.
ശുദ്ധഹൃദയനും ശാന്തശീലനും സദ് വൃത്തനും പ്രസന്നവദനനുമായ അദ്ദേഹം എല്ലാവരെയും ഹഠാദാകർഷിച്ചു. ദീനിന്റെ കാര്യത്തിൽ ആരെയും വകവെച്ചില്ല. അതിനെതിരെയുള്ളതെല്ലാം തൃണവൽക്കരിച്ചു.
ഒരിക്കൽ തന്റെ ബന്ധുവും അടുത്ത സ്നേഹിതനുമായിരുന്ന ജുല്ലാസു ബ്നുസുവൈദ് തന്റെ വീട്ടിൽ വെച്ച് നബിﷺയെ ഉദ്ദേശിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: 'ആ മനുഷ്യൻ പറയുന്നത് സത്യമാണെങ്കിൽ നാം കഴുതകളെക്കാൾ ഭാഗ്യംകെട്ടവരാകുന്നു.'
ഇതുകേട്ട ഉമൈർ (റ) വിന് ദേഷ്യം വന്നു. മുസ്ലിംമാണെന്ന് നടിക്കുന്ന ഒരാൾ ഇങ്ങനെ പറയുകയോ!
അദ്ദേഹം ജുല്ലാസിനോട് പറഞ്ഞു: 'ജുല്ലാസേ, നീ എനിക്ക് പ്രിയപ്പെട്ടവൻ തന്നെ. നിനക്ക് ഒരു ആപത്ത് നേരിടുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. എങ്കിലും നീ ഇപ്പോൾ പറഞ്ഞ വാക്ക് ഞാൻ നബിﷺയെ അറിയിച്ചാൽ അത് നിനക്ക് വിനാശമായിത്തീരും. മറച്ചു വെച്ചാൽ അതെന്റെ ദീനിന്റെ താൽപ്പര്യത്തിന് ഹാനികരവുമാകുന്നു. എനിക്ക് എപ്പോഴും വലുത് എന്റെ ദീനാകുന്നു. അതുകൊണ്ട് നീ പാശ്ചാത്തപിക്കുകയും നിന്റെ അഭിപ്രായത്തിൽ നിന്ന് പിന്തിരിയുകയും ചെയ്യുക.'
ജുല്ലാസിന്റെ ദുരഭിമാനം അയാളെ പിടിച്ചുനിർത്തി. അയാൾ പശ്ചാത്തപിക്കാൻ കൂട്ടാക്കിയില്ല.
ഉമൈർ (റ) പറഞ്ഞു: 'നിന്റെ പാപത്തിൽ എന്നെക്കൂടി പങ്കാളിയാക്കിക്കൊണ്ട് അല്ലാഹു ﷻ വിന്റെ ദിവ്യബോധനം നബിﷺക്ക് എത്തുന്നതിനു മുമ്പ് ഈ വാർത്ത നബിﷺയെ അറിയിക്കാതിരിക്കാൻ എനിക്ക് നിർവാഹമില്ല. ഉമൈർ (റ) അത് നബിﷺയെ അറിയിച്ചു.
നബി ﷺ ജുല്ലാസിനെ വിളിപ്പിച്ചു. അന്വേഷിച്ചു. അല്ലാഹു ﷻ വിൽ ആണയിട്ടുകൊണ്ട് ജുല്ലാസ് അത് നിഷേധിച്ചു!
പിന്നീട് അതിന്റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട് ദിവ്യസൂക്തം അവതരിച്ചു. അനന്തരം ജുല്ലാസ് തന്റെ പാപം സമ്മതിച്ച് പശ്ചാത്തപിക്കുകയും സദ് വൃത്തരിൽ ഉൾപ്പെടുകയും ചെയ്തു.
നബി ﷺ സ്നേഹവാത്സല്യത്തോടെ ഉമൈർ (റ) വിന്റെ ചെവി പിടിച്ചു കൊണ്ട് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*islamic whatsapp group*_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment