*💰കടമിടപാടിലെ💰*
*♻️പഞ്ചവിധികൾ♻️*
*◆═══════●●●═══════◆*
✍🏼കടം കൊടുക്കുന്നതിലും വാങ്ങുന്നതിലും ഇസ്‌ലാമിലെ പ്രസിദ്ധമായ പഞ്ചവിധികൾ വരുന്നതാണ്.
*ഒന്ന്;* സുന്നത്ത്: കടം വാങ്ങുന്നവനു അതു വാങ്ങേണ്ട അനിവാര്യ ചുറ്റുപാടില്ലെങ്കിൽ കടം കൊടുക്കൽ സുന്നത്താണ്. വിശപ്പടക്കാൻ ഒന്നും ഇല്ലാതിരിക്കുകയും കടം കൊടുക്കാതിരുന്നാൽ വിശന്നു മരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് അനിവാര്യ ചുറ്റുപാട്. ഇന്നു നടക്കുന്ന കടമിടപാടുകളിൽ ഈ വിവരിച്ച സുന്നത്തായ രീതി സാർവത്രികമാണ്. അതായത്, കടം വാങ്ങാൻ മതം അംഗീകരിച്ച നിർബന്ധിത അവസ്ഥ ഇല്ലാത്തവനു കടം കൊടുക്കൽ.
സമൂഹത്തിൽ എല്ലാവരും കഴിയുന്നതുപോലെ കഴിയാനും സുഖിക്കുന്നതുപോലെ സുഖിക്കാനുമാണ് ഇന്നു പലരും കടം വാങ്ങുന്നത്. അവധി പറഞ്ഞ കടം അവധി എത്തുമ്പോൾ വീട്ടാനുള്ള വ്യക്തമായ വഴി മുന്നിൽ കണ്ടാണ് ഇങ്ങനെ കടം വാങ്ങുന്നതെങ്കിൽ അതിനു തകരാറില്ല. കടം വാങ്ങൽ അനുവദനീയമാണ്. അത്തരക്കാർക്ക് കടം കൊടുക്കൽ സുന്നത്തുണ്ട്.
*രണ്ട്;* നിർബന്ധം: കടം വാങ്ങാൻ മതം അംഗീകരിച്ച നിർബന്ധിത അവസ്ഥയിലെത്തിച്ചവന് കടം നൽകി സഹായിക്കൽ നിർബന്ധമാണ്. ഈ സാഹചര്യത്തിൽ കടം ആവശ്യപ്പെടലും നിർബന്ധമാണ്. വീട്ടാനുള്ള വ്യക്തമായ വഴി മുന്നിൽ കാണാതെയും ഈ നിർബന്ധിത സാഹചര്യത്തിൽ കടം വാങ്ങാം. വാങ്ങൽ നിർബന്ധമാണ്. സ്വജീവൻ സംരക്ഷിക്കാൻ വേണ്ടിയായതുകൊണ്ടാണിങ്ങനെ നിർബന്ധമായത്. ഈ വിവരിച്ച രൂപത്തിൽ കടം കൊടുക്കലും വാങ്ങലും നിർബന്ധമാണ്.
*മൂന്ന്;* നിഷിദ്ധം: കടം വാങ്ങാൻ നിർബന്ധിതനാവാത്തവൻ അവധിയില്ലാത്ത കടം ഉടനെ വീട്ടാനും അവധിയുള്ളതു അവധി എത്തുമ്പോൾ വീട്ടാനും വ്യക്തമായ വഴിയൊന്നും മുന്നിൽ കാണാതെ കടം വാങ്ങൽ നിഷിദ്ധമാണ്, ഹറാമാണ്. കടം വാങ്ങുന്നവൻ വീട്ടാൻ സാധിക്കാത്തവനാണെന്ന വസ്തുത കടം കൊടുത്തവൻ അറിഞ്ഞിട്ടില്ലെങ്കിലാണ് കടം വാങ്ങൽ നിഷിദ്ധമാകുക. അല്ലെങ്കിൽ നിഷിദ്ധമാകില്ല.
കടം വാങ്ങുന്നവൻ അതു കുറ്റകരമായ മാർഗത്തിൽ ചെലവഴിക്കുമെന്നു അറിയുകയോ ധരിക്കുകയോ ചെയ്യുമ്പോൾ കടം കൊടുക്കൽ ഹറാമാണ്. കാരണം തെറ്റു ചെയ്യാൻ സഹായിക്കലാണല്ലോ അത്. ആ സഹായം നിഷിദ്ധമാണ്.
കടം ഇന്നു പലരും ഒരു ഗൗരവ കാര്യമാക്കുന്നില്ല. വീട്ടാൻ ഒരു തെളിഞ്ഞ മാർഗവും കാണാതെ കിട്ടാവുന്നിടത്തോളം വാരിക്കൂട്ടുകയാണ്. കടം വീട്ടൂല എന്നു ആദ്യമേ കരുതി കടം വാങ്ങുന്നവരും സമൂഹത്തിലുണ്ട്. തിരിച്ചു ചോദിക്കുകയാണെങ്കിൽ വീട്ടണം അല്ലെങ്കിൽ കൊടുക്കൂല എന്നു കരുതി വാങ്ങുന്നവരുമുണ്ട്. ഈ രീതിയെല്ലാം നിഷിദ്ധമാണ്. തെറ്റാണ്. തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ കടം നൽകിയവനോട് വിശ്വാസവഞ്ചന നടത്തുന്ന തെറ്റും ഇവിടെ സംഭവിക്കുന്നു.
സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം കടബാധ്യത നിസാരമായി ഗണിക്കേണ്ട ഒന്നല്ല. വലിയ ഗൗരവമുള്ളതാണ്. കടത്തിന്റെ ഗുരുതരാവസ്ഥ ഉണർത്തുന്ന നിരവധി ഹദീസുകളുണ്ട്. അവ ʻകടം വീട്ടാത്തവരുടെ ശ്രദ്ധയ്ക്ക്ʼ എന്ന അധ്യായത്തിൽ വിവരിക്കുന്നുണ്ട്. ഇൻശാ അല്ലാഹ്.
*നാല്;* കറാഹത്ത്: കറാഹത്തായ മാർഗത്തിൽ ചെലവഴിക്കാൻ വേണ്ടിയാണ് കടം ആവശ്യപ്പെടുന്നതെന്നു അറിഞ്ഞ വ്യക്തി കടം നൽകൽ കറാഹത്താണ്. (അപ്പോൾ പുകവലിക്കു വേണ്ടി കടം നൽകലും വാങ്ങലും കറാഹത്താണ്. പുകവലി കറാഹത്തായവരെ സംബന്ധിച്ചാണീ പറഞ്ഞത്. പുകവലി ഹറാമായവരുമുണ്ട്) (ബിഗ്‌യ).
*അഞ്ച്;* മുബാഹ്: ഒരു ധനികൻ ആവശ്യപ്പെടാതെ അവനു കടം കൊടുക്കൽ സുന്നത്തില്ല. കാരണം ആ ധനികനെ ബുദ്ധിമുട്ടിൽ നിന്നു രക്ഷപ്പെടുത്തലില്ലല്ലോ. എന്നാൽ അവനു കടം നൽകൽ മുബാഹാണ്. കടം നൽകുന്നവന്റെ ആ സമ്പത്ത് ധനികൻ സൂക്ഷിക്കുക, സംരക്ഷിക്കുക എന്ന ആവശ്യം നൽകുന്നവനുണ്ടാവാം.
(ഇആനത്ത്: 3/79, ശർവാനി: 5/36).
*◾️കടമുള്ളവന്റെ സ്വദഖ*
സുന്നത്തായ കടം നൽകുന്നതിനേക്കാൾ പുണ്യം സ്വദഖ നൽകുന്നതിനാണ്. സ്വദഖയിൽ കടം നൽകുന്നതിലുള്ളതുപോലെ തത്തുല്യമായതു തിരിച്ചു കിട്ടുന്നില്ലല്ലോ. രണ്ടു പ്രാവശ്യം കടം കൊടുത്താൽ ഒരു പ്രാവശ്യം സ്വദഖ ചെയ്ത പ്രതിഫലം ലഭിക്കുമെന്ന ഹദീസ് തന്നെ സ്വദഖക്കാണ് കടത്തിനേക്കാൾ മഹത്വമെന്നു അറിയിക്കുന്നുണ്ട്.
എന്നാൽ, കടബാധ്യതയുള്ളവൻ തന്റെ കടം വീട്ടാൻ മറ്റൊരു മാർഗം കാണാതെ കടം അവധിയുള്ളതാണെങ്കിലും കടം കിട്ടാനുള്ളവൻ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും വീട്ടാനാവശ്യമായ ധനം കൊണ്ട് സ്വദഖ ചെയ്യൽ ഹറാമാണ്.
(ഫത്ഹുൽ മുഈൻ, പേജ്: 186).
വീട്ടൽ നിർബന്ധമായ കടബാധ്യതയുള്ളവൻ അതു വീട്ടാനാവശ്യമായ പണംകൊണ്ട് സ്വദഖ ചെയ്യുകയല്ല വേണ്ടത്. പ്രത്യുത കടം വീട്ടി ബാധ്യത ഒഴിവാക്കുകയാണ് അവന്റെ കടമ.
സ്വദഖ ചെയ്യൽ ഹറാമാകുമ്പോൾ തന്നെ അതു സ്വദഖയായി ലഭിച്ചവനു ഉടമാവകാശം ലഭിക്കുന്നതാണെന്നു ഇമാം ഇബ്നു ഹജർ(റ) തുഹ്ഫയിൽ (7/181) പ്രസ്താവിച്ചിട്ടുണ്ട്. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് *قرة العين ببيان انّ التبرع لا يبطله الدّين* എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ ഇബ്നു ഹജർ(റ)വിനുണ്ട് (ഇആനത്ത്: 2/332).
*◾️കടമുള്ളവന്റെ യാത്ര*
കടം വീട്ടാനുള്ളവൻ കഴിവുള്ളവനാകുകയും കടം അവധിയെത്തിയതാവുകയും ചെയ്താൽ കടം വീട്ടാൻ മറ്റൊരാളെ ഏൽപിക്കാതെയോ കടക്കാരന്റെ സമ്മതമില്ലാതെയോ യാത്ര പുറപ്പെടൽ നിഷിദ്ധമാണ്. ഹജ്ജ്, ഉംറ, മറ്റു കാര്യങ്ങൾക്കായാലും ഹറാം തന്നെയാണ്.
(ഇആനത്ത്: 4/299)
അവധിയെത്താത്ത കടമാണെങ്കിൽ ആ കടത്തിന്റെ അവധിയെത്തുമ്പോൾ കടം വീട്ടാൻ ആവശ്യമായ മാർഗം കാണുന്നുണ്ടെങ്കിൽ കടമുള്ളവന്റെ യാത്ര നിഷിദ്ധമല്ല. അതുപോലെ മറ്റുള്ളവരിൽ നിന്നു കിട്ടാനുണ്ടാവുകയും കിട്ടാൻ സാധ്യതയുള്ളതാവുകയും ചെയ്താൽ അതു കൈയിലുള്ളതിനോട് തുല്യമാണ്.
(നിഹായ: 3/282)
*◾️കുട്ടിയുടെ സമ്പത്ത്*
നിർബന്ധിത സാഹചര്യത്തിലല്ലാതെ താൻ കൈകാര്യ കർത്താവായ വ്യക്തിയുടെ ധനം കടം കൊടുക്കൽ വലിയ്യിനു അനുവദനീയമല്ല. കവർച്ച നടക്കുന്ന സമയമാണെങ്കിൽ ആ അനിവാര്യ ഘട്ടത്തിൽ കടം കൊടുക്കൽ രക്ഷാകർത്താവിനു അനുവദനീയമാണ്.
നിർബന്ധ സാഹചര്യമല്ലെങ്കിലും കടം വാങ്ങുന്നവൻ വിശ്വസ്ഥനും ധനികനുമാണെങ്കിൽ ധനസംബന്ധമായ കൈകാര്യം തടയപ്പെട്ട വ്യക്തിയുടെ ധനം കടം കൊടുക്കൽ ഖാളിക്ക് അനുവദനീയമാണ്. അദ്ദേഹത്തിനു ആ ധനം സൂക്ഷിക്കൽ മാത്രമല്ല, വേറെയും പല ജോലികളുമുണ്ടെന്നാണ് കാരണം.
*◾️സുപ്രധാന മസ്അലകൾ*
നിന്റെ പണം കൊടുത്ത് എനിക്ക് നീ റൊട്ടി വാങ്ങുക എന്നു ഒരാൾ പറയുകയും അതനുസരിച്ച് മറ്റവൻ വാങ്ങുകയും ചെയ്താൽ അതു കടമാണ്. പാരിതോഷികമല്ല.
(ഫത്ഹുൽ മുഈൻ, പേജ്: 250).
നീ എനിക്ക് നൂറു രൂപ കടം തരിക എന്നു ഒരാൾ പറഞ്ഞപ്പോൾ നീ അതു ഇന്ന വ്യക്തിയുടെ പക്കൽ നിന്നു വാങ്ങുക എന്നു മറ്റവൻ പറഞ്ഞാൽ പ്രസ്തുത വ്യക്തിയുടെ പക്കൽ ഇവന്റെ നൂറു രൂപയുണ്ടെങ്കിൽ അതു അനുവദനീയമാണ്. ആ നൂറു രൂപ കടമായി തീർന്നു. ഇനി ഇടപാട് പുതുക്കേണ്ടതില്ല.
പ്രസ്തുത വ്യക്തിയുടെ പക്കൽ ഇവന്റെ നൂറു രൂപ ഇല്ലെങ്കിൽ കടം ചോദിച്ചവൻ മറ്റവന്റെ ഉത്തരവാദിത്വത്തിൽ അപരനോട് നൂറു രൂപ വാങ്ങാൻ ഏൽപിക്കപ്പെട്ട വക്കീൽ ആകുന്നു. അപ്പോൾ അപരനിൽനിന്നു അതു വാങ്ങിയശേഷം ഇവർ തമ്മിൽ കടമിടപാട് വീണ്ടും പുതുക്കൽ അനിവാര്യമാണ്.
(ഇആനത്ത്: 3/82)
കടം കൊടുത്തവന്റെ അനുമതിയോടെ വസ്തു കൈപറ്റിയാൽ അതു കടം വാങ്ങിയവന്റെ ഉടമയിലാകും. അവൻ അതിൽ കൈകാര്യം നടത്തിക്കൊള്ളണമെന്നില്ല. സംഭാവന നൽകപ്പെട്ട സാധനം കൈപറ്റിയാൽ ഉടമയിലായിത്തീരുമെന്നതു പോലെത്തന്നെ.
കടം കൊടുത്ത സാധനം വാങ്ങിയവന്റെ ഉടമയിലുള്ളപ്പോൾ കൊടുത്തവനു അതു തിരിച്ചു ചോദിക്കാം. പക്ഷേ, വാങ്ങിയവന്റെ കൈവശത്തിൽനിന്നു പണയം പോലെയുള്ള നിർബന്ധ ബാധ്യതകൾ അതുമായി ബന്ധിച്ചിട്ടുണ്ടെങ്കിൽ തിരിച്ചു ചോദിക്കാവതല്ല.
ധാന്യങ്ങളും നാണയങ്ങളും കടം വാങ്ങിയാൽ തത്തുല്യമായത് തിരിച്ചു കൊടുക്കൽ നിർബന്ധമാണ്. മൃഗങ്ങൾ, വസ്ത്രങ്ങൾ, രത്നങ്ങൾ എന്നിവയാണ് കടം വാങ്ങിയതെങ്കിൽ രൂപത്തിൽ അവയോട് തുല്യമായത് തിരിച്ചുകൊടുക്കണം.
മുന്തിയതിനു പകരം താഴ്ന്ന ഇനം സ്വീകരിക്കൽ നിർബന്ധമില്ല. അതുപോലെ കൊണ്ടുപോകാനുള്ള ചെലവ് കടം വാങ്ങിയവൻ വഹിക്കാതിരിക്കുമ്പോൾ കടം കൊടുത്ത സ്ഥലമല്ലാത്ത മറ്റൊരിടത്തുവെച്ച് തത്തുല്യമായത് തിരിച്ചുകൊടുത്താൽ അതു സ്വീകരിക്കലും കടം നൽകിയവനു നിർബന്ധമില്ല.
കടം വാങ്ങിയവൻ കടം വീട്ടിയ വേളയിൽ തിരിച്ചു കൊടുത്ത സാധനം ന്യൂനത കാരണം അവനു തന്നെ മടക്കിക്കൊടുത്തപ്പോൾ ഞാൻ തന്നതു ഇതല്ലെന്നു അവൻ വാദിക്കുകയാണെങ്കിൽ അവന്റെ വാക്ക് അംഗീകരിക്കരുത്. കടം കൊടുത്തവൻ പറയുന്നതാണു അംഗീകരിക്കുക.
പിടിച്ചുപറിച്ച സാധനം തിരിച്ചുകൊടുത്തു. ഇതുതന്നെയാണ് പിടിച്ചുപറിക്കപ്പെട്ട സാധനമെന്ന് പിടിച്ചുപറിക്കാരൻ പറഞ്ഞാൽ അതു അംഗീകരിക്കേണ്ടതാണ്. സൂക്ഷിക്കാൻ കൊടുത്ത സാധനം തിരിച്ചു നൽകി തന്റെ പക്കൽ സൂക്ഷിക്കാൻ തന്നത് ഇതുതന്നെയാണെന്ന് സൂക്ഷിപ്പുകാരൻ പറഞ്ഞാലും ആ വാക്ക് അംഗീകരിക്കപ്പെടണം.
(ഇആനത്ത്: 3/77)
ഒരാൾ തന്റെ തന്റേടമുള്ള മുസ്‌ലിമായ സുഹൃത്തിനും സുഹൃത്തിന്റെ ഭാര്യ സന്തതികൾക്കും സൗജന്യം എന്നോ മറ്റോ പറയാതെ വർഷങ്ങളോളം ചെലവു കൊടുത്താൽ അതു കടമല്ല. തിരിച്ചു കൊടുക്കേണ്ടതില്ല.
(ഫത്ഹുൽ മുഈൻ, പേജ്: 251)
*◾️കടം വീട്ടുമ്പോൾ വർധിപ്പിക്കുക*
കടം വീട്ടുമ്പോൾ വാങ്ങിയതിലും അധികം തിരിച്ചു കൊടുക്കൽ അനുവദനീയമാണ്. എന്നല്ല, അതു സുന്നത്തു കൂടിയാണ്. ആ വർദ്ധനവ് കടം കൊടുത്തവനു വാങ്ങാവുന്നതാണ്. പതിനായിരം രൂപ കടം വാങ്ങിയവൻ പതിനായിരത്തി അഞ്ഞൂറു രൂപ തിരിച്ചു കൊടുക്കുംപോലെ. ഇങ്ങനെ കൊടുക്കൽ സുന്നത്തും അതു വാങ്ങൽ അനുവദനീയവുമാണ്.
ഇടപാടിൽ വ്യവസ്ഥ വെക്കാതെയാവണം കൂടുതൽ തിരിച്ചു കൊടുക്കേണ്ടത്. കൂടുതൽ നൽകാൻ നബി ﷺ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
*عن أبي هريرة رضي اللّه عنه قال قال رسول اللّه صلى اللّه عليه وسلم إنّ خياركم احسنكم قضاء (سنن النسائي)*
നബി ﷺ പറയുന്നു: മെച്ചമായ നിലയിൽ കടം വീട്ടുന്നവനാണ് നിശ്ചയം നിങ്ങളിൽ ഉത്തമൻ.
(നസാഈ: 7/291)
നബി ﷺ അഞ്ചു വയസ് പൂർണമായ ഒട്ടകത്തിനെ കടം വാങ്ങി ആറു വയസ് പൂർത്തിയായ മുന്തിയ ഒട്ടകത്തിനെ തിരിച്ചു നൽകിയ സംഭവം ഇമാം മുസ്‌ലിം (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തുടർന്നു നബി ﷺ ഇങ്ങനെ പറഞ്ഞു:
*إنّ خيار الناس احسنهم قضاء.*
നിശ്ചയം ജനങ്ങളിൽ ഏറ്റവും ഉത്തമൻ മെച്ചമായ നിലയിൽ കടം വീട്ടുന്നവനാണ്.
(മുസ്‌ലിം)
കടം വാങ്ങിയവൻ കൂടുതൽ തിരിച്ചു കൊടുക്കുകയും ഞാൻ അത്രയും തരാനുണ്ടെന്ന ധാരണയിൽ നൽകിയതാണെന്നു വാദിച്ചാൽ സത്യം ചെയ്തു കൂടുതൽ നൽകിയതു തിരിച്ചുവാങ്ങാം.
(ഫത്ഹുൽ മുഈൻ, ഇആനത്ത്: 3/86)
കടം വീട്ടുമ്പോൾ അധികം തിരിച്ചുനൽകൽ പതിവാക്കിയ വ്യക്തിക്ക് അധികം കിട്ടണം എന്ന ഉദ്ദേശ്യത്തോടെ കടം നൽകൽ കറാഹത്താണെന്ന് ഇമാം ഇബ്നു ഹജർ(റ) ‘ഫത്ഹുൽ ജവാദി’ൽ പ്രബലമാക്കിയിട്ടുണ്ട്.
(ഇആനത്ത്: 3/36)
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*islamic
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment