Skip to main content

ആശൂറാ പായസവും സുറുമയും

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *🥛ആശൂറാ പായസവും🥛*

                *👁 സുറുമയും 👁*

    *🔹~~~~~~▪️🔰▪️~~~~~~🔹*


       ✍🏼സാധാരണ ഗതിയില്‍ ഭക്ഷണത്തില്‍ അതീവ മിതത്വമാണ് പാലിക്കേണ്ടത്. സജ്ജനങ്ങളുടെ രീതി അതാണ്. എന്നാല്‍ അതിഥി സല്‍ക്കാരവേളയിലും പെരുന്നാള്‍ ദിനത്തിലും ആശൂറാഅ് ദിനത്തിലും സുഭിക്ഷത സുന്നത്താക്കപ്പെട്ടിരിക്കുന്നു. അതിഥിയുടേയും ആശ്രിതരുടേയും മനഃസന്തുഷ്ടി കണക്കിലെടുത്താണിത്...

  (അസ്നല്‍ മത്വാലിബ്:1/574, ശര്‍വാനി:9/397)


 അതിഥി സല്‍ക്കാരത്തിനും വിശേഷ ദിനങ്ങളില്‍ ആശ്രിതര്‍ക്ക് വിശാലത ചെയ്യാനും വേണ്ടി ഭക്ഷണം വിപുലമാക്കല്‍ സുന്നത്തു തന്നെ. അല്ലാത്തപ്പോള്‍ വിപുലമാക്കാതിരിക്കലാണ് സുന്നത്ത്. ഇമാം അഹ്മദ് അല്‍ മുസജ്ജദ്(റ) തന്റെ ഉബാബില്‍ തുറന്നു പറഞ്ഞതാണിത്...

  (തര്‍ശീഹ്:327)


 സുഭിക്ഷമായ ഭക്ഷണം വേണമെന്നല്ലാതെ ഏത് ഇനത്തില്‍പ്പെട്ടതാകണമെന്ന് പണ്ഡിതന്മാര്‍ നിര്‍ണയിച്ചു പറഞ്ഞിട്ടില്ല. അതിനാല്‍, മധുരമുള്ളതും ഇല്ലാത്തതും മാംസം ഉള്‍പ്പെടുന്നതും ഉള്‍പ്പെടാത്തതുമായ ഏതുതരം ഭക്ഷണവും ആശൂറാഅ് ദിനത്തില്‍ ആകാം. പായസവും ഇതില്‍പ്പെടുന്നു. എന്നല്ലാതെ, ആശൂറാഅ് ദിനവും പായസവുമായി പ്രത്യേക തരത്തിലുള്ള മറ്റു ബന്ധങ്ങളൊന്നുമില്ല.


 ആശൂറാ പായസം എന്ന പേരില്‍ നടത്തിപ്പോരുന്നത് അനാചാരമാണെന്നും നബിﷺയോ സ്വഹാബികളോ മറ്റോ ഇത് ചെയ്തിരുന്നില്ലെന്നും പായസം വേണമെന്ന് നിര്‍ദ്ദേശിക്കുന്ന ഹദീസുകള്‍ വ്യാജമാണെന്നും ഇമാം സൈനുദ്ദീന്‍ മഖ്ദൂം (റ) പറഞ്ഞിട്ടുണ്ട്...

  (ഇര്‍ശാദുല്‍ ഇബാദ്:77)


 അല്‍മുനാവീ ഫീ ശര്‍ഹുശ്ശമാഇല്‍ എന്ന ഗ്രന്ഥത്തിലും ഇപ്രകാരം ഉണ്ടെന്ന് ശര്‍വാനീ: 3/455ലും തര്‍ശീഹ്: 170ലും കാണാം. സ്വഹീഹായ ഹദീസുകളൊന്നും ആശൂറാ പായസത്തിന് അനുകൂലമായി ഇല്ലെന്നും ഇത് സുന്നത്താണെന്ന് മുസ്ലിം നേതാക്കളാരും പറഞ്ഞിട്ടില്ലെന്നും ഇമാം ഉജ്ഹൂരി(റ)വിന്റെ ചോദ്യത്തിനുത്തരമായി ഹദീസ്, ഫിഖ്ഹ് പണ്ഡിതന്മാര്‍ പറഞ്ഞതായി അശ്ശൈഖ് അദവീ(റ)വിന്റെ നഫഹാതുന്നബവിയ്യഃയിലും ഇആനത്ത്: 2/266, 267ലും വന്നിട്ടുണ്ട്...


 ആശൂറാ പായസം പാടില്ലെന്നാണോ ഇതിനര്‍ത്ഥം..?


ആശൂറാഅ് ദിനത്തില്‍ പായസം പാചകം ചെയ്ത് ഭക്ഷിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്നതിനെ മേല്‍പ്പറഞ്ഞ ഇമാമുകള്‍ തടയുന്നില്ലെന്ന് നിഷ്പക്ഷമായി വിലയിരുത്തിയാല്‍ ബോദ്ധ്യപ്പെടും. എന്നാല്‍, പായസത്തിന് മറ്റു ഭക്ഷണത്തേക്കാള്‍ പ്രാധാന്യമുണ്ടെന്നും അതിന് പ്രത്യേകം പുണ്യമുണ്ടെന്നും ധരിച്ചുകൊണ്ട് ചെയ്യല്‍ അനാചാരമാണ്. അങ്ങനെയൊരു പ്രത്യേകതയും പായസത്തിനില്ല. പായസത്തിന്റെ പ്രാധാന്യം നബിﷺയും സ്വഹാബത്തും ഇമാമുകളും എടുത്തു പറഞ്ഞെന്ന് കാണിക്കുന്ന ഉദ്ധരണികളെല്ലാം വ്യാജരേഖകളാണ്...


 ഇമാം ഇബ്നുല്‍ ഹാജ്ജ്(റ) പറയുന്നു. ആശൂറാഅ് ദിനത്തില്‍ ഭാര്യാമക്കള്‍ക്കും കുടുംബക്കാര്‍ക്കും അനാഥ, അഗതികള്‍ക്കും കൂടുതല്‍ ഭക്ഷണം നല്‍കലും അധികം ചിലവഴിക്കലും സുന്നത്തു തന്നെ. എന്നാല്‍, സാധിക്കാത്ത സംഗതികള്‍ക്ക് കിണഞ്ഞ് ശ്രമിക്കേണ്ടതില്ല. സ്വദഖഃയും മറ്റു സത്കര്‍മ്മങ്ങളും ഇബാദത്തുകളും വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് സലഫുസ്സ്വാലിഹീങ്ങള്‍ ഇത്തരം സുദിനങ്ങളെ സ്വാഗതം ചെയ്തത്. അവര്‍ തീറ്റയ്ക്ക് അമിത പ്രാധാന്യം നല്‍കി നെട്ടോട്ടം ഓടിയില്ല...


 കോഴിയറവിലും പായസത്തിലും വ്യാപൃതരായി ആശൂറാഇന്റെ ആരാധനാവസരങ്ങള്‍ പാഴാക്കുകയും ദുര്‍വിനിയോഗം നടത്തുകയും ചെയ്യുന്നവരുടെ കാര്യം ദുഖഃകരമാണ്...

 (അല്‍ മദ്ഖല്‍:1/283, അത്തര്‍ഗീബു വത്തര്‍ഹീബിന്റെ വ്യാഖ്യാ നം:2/116)


 ആശൂറാഅ് ദിനത്തില്‍ കുടുംബങ്ങള്‍ക്കും മറ്റും ഭക്ഷണം വിശാലത ചെയ്യല്‍ പ്രത്യേകം പുണ്യമുള്ളതാണെന്നും അതുവഴി വര്‍ഷം മുഴുവനും ക്ഷേമ-ഐശ്വര്യമുണ്ടാകുമെന്നും വിവരിക്കുന്ന സ്വീകാര്യയോഗ്യമായ ഹദീസുകളുടെ വ്യാപ്തിയില്‍, അന്ന് നടപ്പുള്ള പായസവിതരണവും ഉള്‍പ്പെടുന്നു. മധുരമുണ്ടെന്നോ പ്രത്യേക ധാന്യങ്ങളടങ്ങിയതാണെന്നോ പരിഗണിച്ചല്ല ഈ വിധി. ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പായസം അന്യമല്ലെന്ന വീക്ഷണത്തില്‍ മാത്രമാണ് പായസവിതരണം സുന്നത്താകുന്നത്. ഇതാണ് ഇബ്നു ഹജര്‍ അല്‍ഹൈതമി(റ) വ്യക്തമാക്കിയത്...

  (അല്‍ അജ്വിബ:50,51)


 ചുരുക്കത്തില്‍, ആശൂറാഅ് ദിനത്തില്‍ ധാരാളം കര്‍മ്മാനുഷ്ഠാനങ്ങളുണ്ട്. അതില്‍ ഒരിനമാണ് സുഭിക്ഷമായ ഭക്ഷണമുണ്ടാക്കി ബന്ധുക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കല്‍. ഭക്ഷണം ഏതുമാകാം. അവയിലൊന്നാണ് പായസം. അതല്ലാതെ പായസത്തിന് പ്രത്യേക സ്ഥാനമൊന്നും ഇസ്ലാമിലില്ല. അതുപോലെ, പായസം പാടില്ലെന്ന നിയമവുമില്ല...


*📍പായസത്തിന്റെ ഉത്ഭവം🥛*


   ലോകം മുഴുക്കെ വ്യാപിച്ച പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നൂഹ് നബി(അ)ഉം അനുയായികളും കപ്പലില്‍ കയറി. ആറു മാസം അവര്‍ കപ്പലില്‍ ചിലവഴിച്ചു. ഒരു മുഹര്‍റം പത്തിനാണ് പ്രളയം ഒടുങ്ങുകയും കപ്പല്‍ കരയ്ക്കടുക്കുകയും ചെയ്യുന്നത്. കപ്പലിലുള്ളവര്‍ക്ക് അന്ന് നോമ്പായിരുന്നു. നോമ്പ് മുറിക്കാന്‍ ഭക്ഷണം വേണം. പക്ഷേ, കപ്പലില്‍ കരുതിയ ഭക്ഷ്യധാന്യങ്ങളെല്ലാം തീര്‍ന്നിരിക്കുന്നു. ഒടുവില്‍, ധാന്യച്ചാക്കുകളില്‍ അവശേഷിച്ചവ ഒന്നൊന്നായി അവര്‍ കുടഞ്ഞിട്ടു. ഗോതമ്പ്, കടല, പയര്‍ തുടങ്ങിയ ഏഴുതരം ധാന്യങ്ങള്‍ അല്‍പ്പാല്‍പ്പം ഉണ്ടായിരുന്നു. എല്ലാം കൂടി ഒരുമിച്ച് പാത്രത്തിലിട്ട് ബിസ്മി ചൊല്ലിക്കൊണ്ട് നൂഹ് നബി(അ) പാചകം ചെയ്തു. നൂഹ് നബി(അ)ന്റെ ബറകത്ത് മൂലം എല്ലാവര്‍ക്കും അത് തികഞ്ഞു. ലോകത്ത് ആദ്യമായുണ്ടായ പായസം അതായിരുന്നു. പ്രളയത്തിനുശേഷം ഭൂമുഖത്ത് ആദ്യം ഉണ്ടാക്കിയ ഭക്ഷണം അങ്ങനെ പായസമായിത്തീര്‍ന്നു. അതൊരു മുഹര്‍റം പത്തിനായിരുന്നു. ഇതാകാം ‘ആശൂറാപ്പായസ’ത്തിന്റെ ഉത്ഭവം...

  (തഖ്രീറു ഇആനത്ത്:2/267)


*📍ആശൂറാ സുറുമ 👀*


   ആശൂറാഅ് ദിനവുമായി സുറുമയെ ബന്ധിപ്പിച്ച ചില രേഖകള്‍ കാണാം. ഹദീസുകളെന്ന പേരിലറിയപ്പെടുന്ന ആ പ്രസ്താവനകള്‍ ഹദീസല്ലെന്നും, നബിﷺയുടെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജ കഥകളാണെന്നും പണ്ഡിതന്മാര്‍ പറയുന്നു. ‘ആ വ്യാജ രേഖകളൊന്നും സത്യവുമായി ബന്ധമുള്ളതല്ലെ’ന്ന് ഇമാം ഇബ്നു റജബ്(റ) പറഞ്ഞതായി ഇമാം ഇബ്നു ഹജര്‍(റ) അല്‍ അജ്വിബഃയില്‍ (പേജ് 50,51) പറയുന്നു...


 “ആശൂറാഅ് ദിനത്തില്‍ സുറുമയിടണമെന്ന് പറയുന്ന എല്ലാ ‘ഹദീസുകളും’ കള്ളന്മാര്‍ നബിﷺയുടെ പേരില്‍ വെച്ചുകെട്ടിയതാണ് (നബി ﷺ പറഞ്ഞതല്ല)” എന്ന് ഇമാം സൈനുദ്ദീന്‍ മഖ്ദൂം(റ) ഗൌരവപൂര്‍വ്വം രേഖപ്പെടുത്തിയത് ഫത്ഹുല്‍ മുഈന്‍:203ല്‍ കാണാം...


“ഒരു മുഹര്‍റം പത്തിന് കര്‍ബലായില്‍ ഇമാം ഹുസൈന്‍(റ) കൊല്ലപ്പെട്ടപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുന്നതിനായി മഹാനവര്‍കളുടെ രക്തം കൊണ്ട് കൊലയാളികള്‍ സുറുമയിടുന്നതുപോലെ കണ്ണിലാക്കി. ഈ ദുഷ്ട പ്രവൃത്തിയോടുള്ള അനുകരണമായിപ്പോകും ആശൂറാഇലെ പ്രത്യേക സുറുമ. അതിനാല്‍ അത് കറാഹത്താണെന്ന് ചില പ്രഗത്ഭ പണ്ഡിതര്‍ പറയുന്നു. സുറുമ ഉപേക്ഷിക്കല്‍ മുഹര്‍റം പത്തിന് നിര്‍ബന്ധമാണെന്നു പോലും മറ്റു ചിലര്‍ക്ക് അഭിപ്രായമുണ്ട്.” 


 “ആശൂറാഇന് സുറുമയിട്ടാല്‍ ആ വര്‍ഷം അവന് ചെങ്കണ്ണ് വരില്ല എന്ന് നബി ﷺ പറഞ്ഞതായി പ്രചരിപ്പിക്കുന്നത് കളവാണ്. നബി ﷺ അങ്ങനെ പറഞ്ഞിട്ടില്ല”

   (ഇആനത്ത്:2/266, 267)


 “ഹുസൈന്‍(റ)ന്റെ കൊലയാളികളാണ് ആശൂറാഅ് ദിനത്തില്‍ സുറുമയിടല്‍ ആവിഷ്കരിച്ചത്. അത് ദുരാചാരമാണ്” 

  (ശര്‍വാനീ:3/455, തര്‍ശീഹ്:170)


*📍ദുഃഖാചരണം പാടില്ല🚫*


   നബിﷺയുടെ പൌത്രനും ഫാത്വിമ(റ)യുടെ പുത്രനുമായ ഇമാം ഹുസൈന്‍(റ) കര്‍ബലയില്‍ കൊല്ലപ്പെട്ടത് മുഹര്‍റം പത്തിനാണ്. അതിന്റെ പേരില്‍ റാഫിളിയ്യക്കാര്‍ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ നിരവധിയാണ്. ചങ്ങലക്കൂട്ടം കൊണ്ട് സ്വന്തം ശരീരത്തില്‍ അടിച്ച് രക്തം ഒലിപ്പിച്ചും നെഞ്ചിലടിച്ചും ആര്‍ത്തുകരയുന്നത് ആശൂറാഅ് ദിവസത്തെ ഒരു പുണ്യകര്‍മ്മമായി അവര്‍ കരുതുന്നു. എന്നാല്‍ ഇത് ഇസ്ലാം അനുവദിക്കുന്നില്ല...


 ഇമാം സുയൂത്വി(റ) പറയുന്നു: വിപത്തുണ്ടായാല്‍ അത് മറച്ചുവെക്കലും ക്ഷമയും ശാന്തതയും നടപ്പിലാക്കുകയുമാണ് ഇസ്ലാം കല്‍പ്പിക്കുന്നത്. ഒരാള്‍ മരണപ്പെട്ടതിന്റെ പേരില്‍ ദുഃഖാചരണാര്‍ത്ഥം ഒരു കാര്യവും ചെയ്യാന്‍ മതം നിര്‍ദ്ദേശിച്ചിട്ടില്ല. മരണപ്പെട്ടതിന്റെ പേരില്‍ ശബ്ദത്തില്‍ കരയുന്നതും വെപ്രാളം കാണിക്കുന്നതും വരെ ഇസ്ലാം നിരോധിച്ചു. മരണപ്പെട്ടതിന്റെ പേരില്‍ ദുഃഖം പ്രകടിപ്പിക്കാന്‍ പാടില്ലെന്നു തന്നെയാണ് ശരീഅത്ത് പഠിപ്പിക്കുന്നത്...


 മുഹര്‍റം പത്തിന് ഇമാം ഹുസൈന്‍(റ) കൊല്ലപ്പെട്ടതിന്റെ പേരില്‍ ദുഃഖാചരണം നടത്തുന്ന റാഫിളിയ്യക്കാരെ ഇമാം ഇബ്നു റജബ്(റ) വിമര്‍ശിച്ചത് ‘അല്‍ ലത്വാഇഫി’ലുണ്ട്. പ്രവാചകന്മാരുടെ വഫാതിനു പോലും ദുഃഖാചരണം നടത്താന്‍ അല്ലാഹുﷻവോ, റസൂലോ (ﷺ) അനുവദിക്കാതിരിക്കെ, പ്രവാചകരല്ലാത്തവരുടെ വേര്‍ പാടിന്റെ പേരില്‍ എന്തടിസ്ഥാനത്തില്‍ ദുഃഖാചരണം നടത്തും...

  (അല്‍ഹാവീ ലില്‍ ഫതാവാ: 1/298)


 ഇമാം ഇബ്നു ഹജര്‍(റ) പറയുന്നു: ‘ഹുസൈന്‍(റ) കൊല്ലപ്പെട്ടതിന്റെ പേരില്‍ മുഹര്‍റം പത്തിന് ദുഃഖാചരണം നടത്തിവരുന്ന സമ്പ്രദായം പിഴച്ച വിഭാഗമായ റാഫിളിയ്യക്കാരുടേതാണ്. അല്ലാഹു ﷻ ദുഷിപ്പിച്ച വിഭാഗമാണത്. അവരുടെ വിവരദോഷം വളരെ മോശമായിപ്പോയി’

  (അല്‍ അജ്വിബ:50,51)


 ഇമാം ഇബ്നു ഹജര്‍(റ) പറയുന്നു: ഈ ലോകത്തു വെച്ചു ചെയ്യുന്ന കാര്യങ്ങള്‍ വഴിപിഴച്ചതായിട്ടും അവ നല്ലതാണെന്നു കരുതുന്നവരെപ്പറ്റി സൂറത്തുല്‍ കഹ്ഫിലെ 104-ാം ആയത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. ഇമാം ഹുസൈന്‍(റ) എന്നവരുടെ കൊലയുടെ പേരില്‍ മുഹര്‍റം പത്തു തോറും ദുഃഖാചരണം നടത്തുന്ന റാഫിളിയ്യക്കാരുടെ പ്രവൃത്തി, ഈ വകുപ്പില്‍ പെട്ടതാണ്...

 (ഇത്ഹാഫു അഹ്ലില്‍ ഇസ്ലാം:287)


〰〰〰〰〰〰〰〰〰〰〰

*_ഇസ്ലാമിക_*

*_അറിവുകൾക്കും_*

*_പ്രഭാഷണങ്ങൾക്കും_*

*_ചരിത്രകഥകൾക്കും_*

*_ഇസ്ലാമിക അറിവുകൾ


*_ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*

*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه🌹_*

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...