*397 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*41📌 ഉബയ്യുബ്നു കഅ്ബ് (റ)*
*💧Part : 07💧*
ഉമറുബ്നുൽ ഖത്താബ് (റ) അവർകൾ ഉബയ്യുബ്നു കഅ്ബ് (റ)വിനെ ബഹുമാനിച്ചിരുന്നു. ഏറെ ആദരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല, പരിശുദ്ധ ഖുർആൻ ജ്ഞാനത്തിലും അതിന്റെ പാരായണ ശാസ്ത്രത്തിലും ഉബയ്യുബ്നു കഅ്ബ് (റ) തങ്ങൾക്കുള്ള മികവും പ്രതിഭയും അംഗീകരിക്കുകയും ചെയ്തിരുന്നു ഉമർ (റ) തങ്ങളവർകൾ.
ദുനിയാവിൽ നിമഗ്നനാവുക മൂലമുണ്ടാകുന്ന അഴുക്കുകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും അപ്രകാരം ദുനിയാവിലെ സ്ഥാനങ്ങൾകൊണ്ടും പദവികൾ കൊണ്ടും പരീക്ഷിക്കപ്പെടുന്നതിൽ നിന്നും അങ്ങനെ കുഴപ്പത്തിൽ അകപ്പെട്ടു പോകുന്നതിൽ നിന്നും ഉബയ്യുബ്നു കഅ്ബ് (റ) അവർകൾ സുരക്ഷിതനും, സംശുദ്ധനും, പരിശുദ്ധനുമായി നിലകൊള്ളണമെന്ന് അതിയായ ആഗ്രഹവും അഭിനിവേശവും താൽപര്യവും ഉത്സാഹവും ഉമർ (റ) പുലർത്തിയിരുന്നുവെന്നതിന് ചരിത്രത്തിൽ എമ്പാടും ഉദാഹരണങ്ങൾ കാണുന്നുണ്ട്.
ഇംറാനുബ്നു അബ്ദില്ലാഹ് (റ) നിവേദനം ചെയ്തു. അദ്ദേഹം അരുളിചെയ്യുകയാണ്: ഉബയ്യുബ്നു കഅ്ബ് (റ) ഉമറുബ്നുൽ ഖത്താബ് (റ)വിനോട് ആരാഞ്ഞു. എന്നെ എന്താണ് നിങ്ങൾ ഗവർണറായി നിയമിക്കാത്തത്..? ഉമറുബ്നുൽ ഖത്താബ് (റ) പ്രതിവചിച്ചു: നിങ്ങളിൽ ദുനിയാവിന്റെ അഴുക്ക് പുരണ്ട് നിങ്ങളുടെ മതഭക്തി മലീമസമാകുന്നത് എനിക്കിഷ്ടമില്ലാത്തതുകൊണ്ടാണത്.
ഖുർആനിക വിജ്ഞാനത്തിൽ ഉബയ്യുബ്നു കഅ്ബ് (റ)വിന്റെ മികവും പ്രഥമ സ്ഥാനവും ഉമറുബ്നുൽ ഖത്താബ്
(റ) അംഗീകരിച്ചിരുന്നു എന്ന് വ്യക്തമായി വരച്ചു കാട്ടുന്ന ഒരു സംഭവം വായിക്കുക:
അബു ഇദ്രീസുൽ ഖുവാനി (റ) റിപ്പോർട്ട് ചെയ്യുന്നു: അബുദ്ദർദാഅ് എന്ന ഉപനാമത്തിൽ വിഖ്യാതനായ മഹാനുഭാവൻ ഉവൈമിറുബ്നു അനസ് (റ) ദമാസ്കസിലെ ഒരു സംഘം സ്വഹാബിമാരോടൊത്ത് മദീനയിലേക്ക് വാഹനപ്പുറത്ത് യാത്ര ചെയ്തു. ഒട്ടകം, കഴുത, കോവർ കഴുത, കുതിര എന്നിവയായിരുന്നല്ലോ അന്നത്തെ വാഹനങ്ങൾ. അത്തരം വാഹനങ്ങളിലൊന്നിന്റെ പുറത്ത് കയറിയാണ് യാത്ര.
ഒരുദിവസം അവർ ഉമർ (റ)വിന്റെ മുമ്പിൽ ഒരു ആയത്തോതി. പരിശുദ്ധ ഖുർആൻ ശരീഫിലെ സൂറത്തുൽ ഫത്ഹ് എന്ന അധ്യായത്തിൽ 26-ാം വചനമായി വരുന്ന സൂക്തമാണത്. വിശുദ്ധ ഖുർആനിലെ 48-ാം അധ്യായമായ സൂറത്തുൽ ഫത്ഹ് ഹുദൈബിയ സന്ധി സംബന്ധിച്ചുള്ള അധ്യായമാണ്. ഫത്ഹ് എന്നാൽ വിജയം എന്നർത്ഥം.
ഇതാണ് ആയത്ത്:
(അവിശ്വാസികൾ തങ്ങളുടെ ഹൃത്തടങ്ങളിൽ ദുരഭിമാനത്താലുള്ള ഗർഹണീയമായ വൈരാഗ്യം, അതെ, അജ്ഞാനാന്ഥകാര യുഗത്തിലെ ദുരഭിമാനത്താലുള്ള അത്യന്തം ഗർഹണീയമായ വൈരാഗ്യം അഥവാ വിദ്വേഷം വച്ചുപുലർത്തിയ സന്ദർഭം ഓർത്തുകൊണ്ടാലും. അപ്പോൾ അല്ലാഹു തന്റെ ദൂതനും സത്യവിശ്വാസികൾക്കും അവങ്കൽ നിന്ന് മനശ്ശാന്തിയും വിശ്രാന്തിയും അവതീർണമാക്കിക്കൊടുത്തു. ഭയഭക്തിയുടെ മഹനീയമായ ആദർശത്തെ അവൻ അവർക്ക് ഉറപ്പിച്ചു കൊടുക്കുകയും ചെയ്തല്ലോ. അവർ അതിന് ഏറ്റവും
അവകാശപ്പെട്ടവരും അർഹരമായിരുന്നു. അല്ലാഹു എല്ലാ
കാര്യത്തെക്കുറിച്ചും പൂർണമായി അറിവുള്ളവനാകുന്നു.)
ഉമർ (റ) ഉടനെ ചോദിച്ചു: ആരാണ് നിങ്ങൾക്ക് ഈ സൂക്തം ഓതിത്തന്നത്..? ഉമർ (റ) അങ്ങനെ ചോദിക്കാൻ ഹേതുവായത് ആ മഹാന് ഈ സൂക്തത്തെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല എന്നതാണ്. ഞങ്ങൾക്കീ ഖുർആൻ സൂക്തം പാരായണം ചെയ്തു തന്നത് ഹള്റത്ത് ഉബയ്യുബ്നു കഅ്ബ് (റ) വാണെന്ന് സ്വഹാബീ പ്രമുഖർ മറുപടി പറയുകയുണ്ടായി.
താമസിയാതെ മഹാനായ ഉമറുബ്നുൽ ഖത്താബ് (റ) ഉബയ്യുബ്നു കഅ്ബ് (റ) എന്ന മഹാ പുരുഷനെ തന്റെ സവിധത്തിൽ കൊണ്ടുവരാൻ കൽപന കൊടുക്കുകയുണ്ടായി. ഉബയ്യുബ്നു കഅ്ബ് (റ) ഹാജരായി. ഉബയ്യുബ്നു കഅ്ബ് (റ) ഹള്റത്ത് ഉമറുബ്നുൽ ഖത്താബ്(റ)വിന്റെ തിരുമുമ്പിൽ എത്തിയപ്പോൾ ഉമർ (റ) സ്വഹാബിക
ളോട് ആ ആയത്തൊന്ന് ഓതാൻ പറഞ്ഞു. അവർ അത് ഓതി.
താമസംവിനാ ഉബയ്യ് (റ) പറഞ്ഞു: അല്ലാഹു ﷻ വാണ് ഉമറേ, ഞാൻ നബിﷺതങ്ങളുടെ സവിധത്തിൽ ഹാജരുള്ള നേരത്ത് പലപ്പോഴും മറ്റു സ്വഹാബിമാർ അവിടെ സന്നിഹിതരല്ലെന്നു വരാം. പലവുരു അങ്ങനെ സംഭവിച്ചിരുന്നതാണല്ലോ. നബികരീം ﷺ എന്നെ അടുത്ത് നിർത്തുകയും അവർക്ക് പ്രവേശനം നിഷേധിച്ചെന്നുമിരിക്കും. അങ്ങനെ പലപ്പോഴുമുണ്ടായിട്ടുണ്ട്. എന്നോട് റസൂൽ ﷺ പലതും അനുവർത്തിച്ചിട്ടുണ്ട്. അല്ലാഹു ﷻ വാണ്, നിങ്ങൾക്കിഷ്ടമാണെങ്കിൽ ഞാൻ വീട്ടിൽ വാതിലടച്ച് കഴിഞ്ഞുകൊള്ളാം. പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിഞ്ഞു കൊള്ളാം ഞാൻ. ആരോടുംഒന്നും പറയാതെ ഏകാന്തനായി ജീവിച്ചു കൊള്ളാം. മരിക്കുന്നതു വരെ ഞാനവർക്ക് ഒന്നും ഓതിക്കൊടുക്കാതിരിക്കാം.
ഉമർ (റ) പറഞ്ഞതെന്തെന്നറിയുമോ..? അല്ലാഹു ﷻ വേ മാപ്പാക്കേണമേ, മഹാനായ ഉബയ്യെന്നോരേ, സത്യമായും ഞങ്ങൾ അറിയുന്നു; അല്ലാഹു ﷻ അങ്ങേക്ക് ഇൽമിനെ പ്രദാനം ചെയ്തിരിക്കുന്നു. നിങ്ങൾ പഠിപ്പിക്കപ്പെട്ടത് നിങ്ങൾ മാനവരാശിയെ പഠിപ്പിക്കുക.
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*_ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment